
കൊച്ചി:ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്.രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നല്കാന് തന്നെ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറഞ്ഞു.നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്.വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്റെ മകള്‍.ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി, ഫൗസിയ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡി കെ ജയിന് സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഇതാദ്യമായാണ് ഫൗസിയ മാധ്യമത്തോട് പ്രതികരിക്കുന്നത്.തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്, തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെടുന്നു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്പോൾ ആവശ്യപ്പെട്ടാല്‍ സഹകരിക്കുമെന്നും ഫൗസിയ പറഞ്ഞു.മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. കേസില്‍ ഫൗസിയയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും.