കാസര്‍കോട്:കോവിഡ് കേസുകള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 16, 17 തീയതികളില്‍ കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസം 6000 പേര്‍ക്ക് ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയില്‍ സൗകര്യമൊരുക്കി.സ്ഥിരമായി കോവിഡ് ടെസ്റ്റ് നടത്തുന്ന മുഴുവന്‍ സർക്കാർ ആശുപത്രികളിലും പരിശോധന ഉണ്ടായിരിക്കും. ഏപ്രില്‍ 16ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും ഏപ്രില്‍ 17ന് പടന്നക്കാട് ഇഎംഎസ് ക്ലബ്, മടക്കര ഹാര്‍ബര്‍ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള 45 വയസിനു താഴെ പ്രായമുള്ള ഓടോറിക്ഷ-ടാക്‌സി ഡ്രൈവര്‍മാര്‍, കളക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍, വാക്സിനേഷനെടുക്കാത്ത 45 വയസിന് മുകളിലുള്ളവര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ ഈ കേന്ദ്രങ്ങളിലെത്തി പരിശോധനക്ക് വിധേയരാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.