കണ്ണൂർ: ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീട്ടിൽ വിജിലൻസ് ഇന്നലെ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അൻപത് ലക്ഷം രൂപ പിടികൂടി.കണ്ണൂർ ചാലാട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.രാവിലെ മുതൽ തുടങ്ങിയ റെയ്ഡിനൊടുവിലാണ് പണം പിടിച്ചെടുത്തത്.ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലും കണ്ണൂരിലെ വീട്ടിലുമായിരുന്നു പരിശോധന നടന്നത്. 2012 മുതൽ 2021 വരെയുളള കാലഘട്ടത്തിൽ കെ.എം ഷാജി അനധികൃതമായി വൻ തോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് നടപടി.പിടിച്ചെടുത്ത പണം ഏത് ഇനത്തിൽ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കെ.എം ഷാജിയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം തേടും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷിച്ച പണമാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്.രാവിലെ തുടങ്ങിയ പരിശോധന വൈകിട്ട് ഏഴ് മണിയോടെ പൂർത്തിയാകുമെന്നായിരുന്നു വിജിലൻസ് അറിയിച്ചിരുന്നത്. എന്നാൽ രാത്രി വൈകിയും പരിശോധന തുടർന്നു.അഭിഭാഷകനായ ഹരീഷ് ആണ് കെ.എം ഷാജിക്കെതിരേ പരാതി നൽകിയത്. 2012 മുതൽ 21 വരെ ഷാജിയുടെ സ്വത്തുക്കളിൽ 166 ശതമാനം വർദ്ധന വന്നതായും വഴിവിട്ട രീതിയിൽ സ്വത്ത് സമ്പാദിച്ചുവെന്നുമായിരുന്നു പരാതി.