തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ.ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് ഉത്തരവിറക്കും. കടകളും ഹോട്ടലുകളും രാത്രി ഒൻപത് മണിക്കകം അടയ്ക്കും. പൊതുപരിപാടികൾ നടത്തുന്നതിനും ഇന്ന് മുതൽ നിയന്ത്രണമുണ്ടായിരിക്കും. തുറന്ന വേദികളിലെ പരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. രണ്ട് മണിക്കൂറിനുള്ളിൽ പരിപാടികൾ പൂർത്തിയാക്കണം. ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 100 പേർക്ക് പങ്കെടുക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ ആർടി പിസിആർ പരിശോധനാ റിപ്പോർട്ട് വേണം. അതേ സമയം കൊറോണ വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് പരിപാടികളിൽ പങ്കെടുക്കാൻ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.ഇന്ന് മുതൽ പാഴ്സലുകൾ നൽകുന്നത് വർദ്ധിപ്പിക്കണമെന്നാണ് ഹോട്ടലുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുപരിപാടികളിൽ സദ്യയ്ക്ക് പകരം ഫുഡ് പായ്ക്കറ്റ് നൽകണം.പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.