Kerala, News

അനധികൃത സ്വത്ത് സമ്പാദന കേസ്; കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലൻസ് റെയ്ഡ്

keralanews case of illegal acquisition of property vigilance raids on km shajis houses in kannur and kozhikode

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് എംഎല്‍എ, കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്. ഇന്നലെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴിക്കോടുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തുന്നത്.ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട്ടിലെത്തിയത്. വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ റെയ്ഡ്. കഴിഞ്ഞ നവംബറില്‍ ഷാജിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്. ഇതിനായി എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹർജി പരിഗണിക്കവേ പരാമര്‍ശിച്ചിരുന്നു. പരാതിക്കാരനായ അഡ്വ. എം.ആര്‍. ഹരീഷ് നല്‍കിയ ഹരജിയില്‍, കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട്. കേസെടുക്കാന്‍ പ്രഥമദൃഷട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.

Previous ArticleNext Article