കണ്ണൂര്‍:പാനൂരിലെ ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പര്‍ജന്‍കുമാര്‍ ഐപിഎസിനായിരിക്കും അന്വേഷണ ചുമതല.അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മയിലിന്റെ നേതൃത്വത്തിലായിരുന്നു മന്‍സൂര്‍ വധക്കേസ് അന്വേഷിച്ചുവന്നത്. ഇസ്മയില്‍ സിപിഐഎമ്മിന്റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഇതോടെ അന്വേഷണ സംഘത്തെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. കേസിലെ മറ്റൊരു പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.