കൊല്‍ക്കത്ത: നാലാംഘട്ട വോട്ടെടുപ്പിനെ പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമം. കൂച്ച് ബിഹാറില്‍ വോട്ടെടുപ്പിനെയുണ്ടായ വെടിവെയ്പില്‍ പതിനെട്ടുകാരന്‍ ഉള്‍പ്പടെ 5 പേര്‍ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി.സ്ത്രീകള്‍ ഉള്‍പ്പടേയുള്ളവര്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനം തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമത്തില്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തന്‍റെ വിന്‍ഡോ ഗ്ലാസ് തകര്‍ന്നു.കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് അവകാശപ്പെട്ട് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ക്ക് നേരെ സിഐഎസ്‌എഫ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായി. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഗോവിന്ദ് നഗര്‍ ഏരിയയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി പൊലീസ് നിര്‍വീര്യമാക്കി. തിരഞ്ഞെടുപ്പിനെ ഹൂഗ്ലിയിലും വിവിധ ഭാഗങ്ങളില്‍ ആക്രമം നടന്നു. അതേസമയം നാലാം ഘട്ടത്തില്‍ 11 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളില്‍ നടന്നത്. 44 സീറ്റുകളിലേക്ക് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍, അലിപൂര്‍ദുര്‍ ജില്ലകളിലും ദക്ഷിണ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.