Kerala, News

മംഗളുരു വിമാനത്താവളത്തില്‍ നിന്നും ഒരു കോടിയിലേറെ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

keralanews gold worth one crore rupees seized from mangaluru airport three including two malayalees arrested

മംഗളൂരു:മംഗളൂരു വിമാനത്താവളത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.രാസവസ്തു ചേര്‍ത്തു പശ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവത്തിൽ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേർ പിടിയിലായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കടത്താന്‍ ശ്രമിച്ച 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വര്‍ണമാണു പിടികൂടിയത്.വെള്ളിയാഴ്ച  പുലര്‍ച്ചെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹമ്മദ് ആഷിഫില്‍ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.രാസവസ്തു ചേര്‍ത്തു പശ രൂപത്തിലാക്കിയ സ്വര്‍ണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീന്‍സ്, കാല്‍മുട്ട് കവചം (നീ പാഡ്) തുടങ്ങിയവയില്‍ ഒളിപ്പിച്ചാണു കടത്തിയത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ അവിനാശ് കിരണ്‍ റൊങ്കാലിയുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകാന്ത്, സതീഷ്, ഇന്‍സ്പെക്ടര്‍ പ്രഫുല്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അറസ്റ്റിലായത്.ഷാര്‍ജയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ അബ്ദുല്‍ സലാം മാണിപ്പറമ്ബ്, ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്‌റഫ് എന്നിവരാണു പിടിയിലായ മലയാളികള്‍. കാസര്‍കോട് സ്വദേശികളായ ഇവര്‍ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് എത്തിയത്. ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും ബട്ടണ്‍, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിന്‍ എന്നീ രൂപങ്ങളിലാണ് സ്വര്‍ണം കടത്തിയത്.26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വര്‍ണം ഇവരില്‍നിന്നു പിടികൂടി. കസ്റ്റംസ് സൂപ്രണ്ടുമാരായ രാകേഷ്, സി.എം.മീണ, ആശിഷ് വര്‍മ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Previous ArticleNext Article