കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ വോട്ടര്‍മാരെ പണവും മദ്യവും മറ്റും നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ അന്തര്‍ സംസ്ഥാന-അന്തര്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും ഉള്‍പ്പെടെ നിരീക്ഷണവും പരിശോധനയും കര്‍ക്കശമാക്കിയിട്ടുണ്ട്.ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ യോഗത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍, സര്‍വെയ്‌ലന്‍സ് ടീമുകള്‍ എന്നിവയ്ക്ക് പുറമെ, പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, കസ്റ്റംസ്, ജിഎസ്ടി, ആദായ നികുതി തുടങ്ങിയ വിഭാഗങ്ങളും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിമാനത്താവളം വഴിയുള്ള പണത്തിന്റെയും സ്വര്‍ണത്തിന്റെയും കടത്ത് തടയുന്നതിന് കസ്റ്റംസ്, പൊലിസ് നടപടികള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. മദ്യത്തിന്റെ കടത്തും സംഭരണവും തടയുന്നതിന് പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങള്‍ സംയുക്ത പരിശോധനകള്‍ നടത്തണം. കര്‍ണാടകത്തോട് ചേര്‍ന്ന വനാതിര്‍ത്തികളിലെ ഊടുവഴികളിലൂടെ മദ്യവും പണവും കടത്താനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. മലയോര മേഖലകളിലും വന പ്രദേശങ്ങളിലും ഉള്‍പ്പെടെ വ്യാജവാറ്റ് തടയുന്നതിനും നടപടി സ്വീകരിക്കും.ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംശയാസ്പദമായ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഒരു കോടിയിലേറെ രൂപയുടെ സംശയാസ്പദമായ പണമിടപാടുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. ഇവയുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധ പണമിടപാടുകള്‍, മദ്യത്തിന്റെ വിതരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ക്കായി കലക്ടറേറ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ചെലവ് നിരീക്ഷകര്‍ക്കു പുറമെ, പൊലീസ്, എക്‌സൈസ്, വനം, ആദായ നികുതി, ജിഎസ്ടി, ബാങ്കിംഗ് ഏജന്‍സികള്‍, കസ്റ്റംസ്, ഇന്‍കം ടാക്‌സ് തുടങ്ങിയ വകുപ്പ് തലവന്മാര്‍ യോഗത്തിൽ പങ്കെടുത്തു.