ന്യൂഡല്‍ഹി: തുടര്‍ച്ചയായ വില വര്‍ദ്ധനയ്‌ക്ക് ശേഷം പാചകവാതക വില ഇന്ന് 10 രൂപ കുറഞ്ഞു.സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങളിലും പാചകവാതക വില വീണ്ടും കുറയുമെന്നാണ് സൂചന. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ നേരിയ കുറവാണ് രാജ്യത്ത് 10 രൂപ കുറയ്‌ക്കാന്‍ കാരണമായത്. മാര്‍ച്ച് മാസത്തില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 125 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. 2020 നവംബര്‍ മുതല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുതിച്ചുയരുകയാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലില്‍ ഏറെ ഇന്ത്യ ആശ്രയിക്കുന്നതിനാല്‍ രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിയം വില വലിയ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ ഏഷ്യയിലും യൂറോപ്പിലും രണ്ടാംഘട്ട കൊവിഡ് രോഗവ്യാപനം ശക്തമായതോടെ അന്താരാഷ്‌ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മാര്‍ച്ച് രണ്ടാം പകുതിയോടെ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെട്രോളിന്റെയും ഡീസലിന്റയും ചില്ലറ വില്‍പന വില പെട്രോളിയം കമ്പനികൾ രാജ്യത്ത് കുറച്ചു.എല്‍പിജി വിലക്കുറവ് വരുത്തിയതോടെ 14.2 കിലോ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയിലും മുംബയിലും 809 രൂപയായി. കൊല്‍ക്കത്തയില്‍ 835.50 രൂപയായി. ചെന്നൈയില്‍ 825 രൂപയായി. രാജ്യത്ത് പാചകവാതക വില നിര്‍ണയിക്കുന്നത് ഓരോ മാസം കൂടുമ്പോഴാണ്. എല്‍പിജിയുടെ അന്താരാഷ്‌ട്ര മാര്‍ക്കറ്റ് അനുസരിച്ചും ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുമ്പോഴോ ആണ് വിലക്കുറവ് ഉണ്ടാകുക.