ന്യൂഡൽഹി:രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റി സിഇഒ ഡോ. ആര്‍ എസ് ശര്‍മ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച അവസാന തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തി.വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായും ആശുപത്രികളില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. www.cowin.gov.in എന്ന വെബ് സൈറ്റിലൂടെ വേണം രജിസ്റ്റര്‍ ചെയ്യാന്‍. ആശുപത്രികളില്‍ നേരിട്ടെത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൂടാതെയും വാക്സിന്‍ സ്വീകരിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാന്‍ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യമുണ്ടാകും. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ എന്നിവരില്‍പ്പെട്ട 21,88,287 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു.