ന്യൂഡൽഹി: രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷൻ നാളെ ആരംഭിക്കും. ആകെ 20 കോടി ആളുകള്‍ക്ക് വാക്സീന് നല്‍കാനാണ് തീരുമാനം. കേരളത്തില്‍ ഒരു ദിവസം രണ്ടര ലക്ഷം പേര്‍ക്ക് വീതം വാക്സിൻ നൽകും.ഇതിനായി അധിക കേന്ദ്രങ്ങള്‍ തുറന്നു. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ സ്പോട് രജിസ്ട്രേഷനിലൂടെ വാക്സീന് സ്വീകരിക്കാം.സർക്കാർ-സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷൻ സൗകര്യമുണ്ട്. വാക്സീന് സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവിൽ പൂനെ, നാഗ്പൂര്‍, മുംബൈ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ എട്ട് ജില്ലകള്‍ കൊവിഡ് തീവ്രബാധിത മേഖലകളാണ്. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിയത്.