Kerala, News

സ്‌പെഷല്‍ അരി വിതരണം തടഞ്ഞതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി സർക്കാർ; വിഷുകിറ്റ് ഏപ്രില്‍ ഒന്ന് മുതല്‍

keralanews govt ready to take legal action against suspension of supply of special rice vishukit from april 1st

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌പെഷല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനെ നിയമപരമായി നേരിടാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷല്‍ അരി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് അരി വിതരണം ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വിഷു കിറ്റ് നേരത്തെ നല്‍കുന്നതിനെതിരെയും ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെട്ടിട്ടുണ്ട്. കിറ്റ് വിതരണവും അരി വിതരണവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.അതേസമയം ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങും. എല്ലാ കാര്‍ഡുകാര്‍ക്കും കിറ്റ് ലഭിക്കും. ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ അവധിയാണെങ്കില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായിരിക്കും കിറ്റ് ആദ്യം വിതരണം ചെയ്യും.ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ പൂഴ്‌ത്തിവച്ച്‌ തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്‌ത് അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.

Previous ArticleNext Article