തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി പോസ്റ്റല്‍ വോട്ടുകള്‍ ആരംഭിച്ചു. ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പാണ് ഇന്നലെ തുടങ്ങിയത്. ദിവസവും സമയവും മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയത്. സൂക്ഷ്മ നിരീക്ഷകര്‍, 2 പോളിങ് ഉദ്യോഗസ്ഥര്‍, വിഡിയോഗ്രഫര്‍, പൊലീസ് എന്നിവരുള്‍പ്പെട്ടതാണു സംഘം.വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതി വയ്ക്കണം.പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും. തുടര്‍ന്ന് തപാല്‍ വോട്ട് പ്രക്രിയ വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പര്‍, കവര്‍, പേന, പശ തുടങ്ങിയവ കൈമാറും.പോസ്റ്റല്‍ വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ വച്ച് വോട്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തണം. മറ്റാരും കാണരുത്. വോട്ടു ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തില്ല. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്‍പ്പിക്കണം. തിരികെ ഏല്‍പ്പിക്കുന്നത് വിഡിയോയില്‍ ചിത്രീകരിക്കും. സ്ഥാനാര്‍ത്ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള അംഗീകൃത പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് തപാല്‍ വോട്ടെടുപ്പ് നിരീക്ഷിക്കാം. കാഴ്ചപരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്ത വിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്നയാളുടെ സഹായത്തോടെ വോട്ടു ചെയ്യാം. ഈ മാസം 17 വരെയുള്ള സമയത്തിനിടെ 4.02 ലക്ഷം പേരാണ് തപാല്‍ വോട്ടിന് അപേക്ഷിച്ചത്. ഇവര്‍ക്കെല്ലാം അനുവദിച്ചു. ഇവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനാകില്ല. തപാല്‍ വോട്ടുകള്‍ അതതു ദിവസം തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മടക്കി നല്‍കണം.