ന്യൂഡൽഹി:രാജ്യം കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പ്രകാശ് ജാവ്ദേകര്‍ ആവശ്യപ്പെട്ടു.നാലാമത്തെയും എട്ടാമത്തെയും ആഴ്ചക്കിടയിലാണ് കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.കൊ-വിന്‍ എന്ന സര്‍ക്കാര്‍ ആപ്പ് വഴിയോ, വെബ്സെറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താലോ, സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്താലോ ആണ് വാക്സിനെടുക്കാന്‍ സാധിക്കുക.ഒരു മൊബൈല്‍ ഫോണ്‍ നമ്പറിൽ നിന്നും നാല് അപ്പോയിന്റ്മെന്റുകള്‍ വരെ എടുക്കാം. കൂടാതെ വാക്സിനേഷന്റെ തിയതി, സൗകര്യപ്രദമായ ആശുപത്രി എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യസേതു ആപ്പില്‍ നിന്നും കൊ വിന്‍ രജിസ്ട്രേഷന്‍ നടത്താനും സാധിക്കും. രജിസ്ട്രേഷനായി ആദ്യം കൊ-വിന്‍ ആപ്പോ അല്ലെങ്കില്‍ cowin.gov.in എന്ന വെബ്സെെറ്റിലോ രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്പറോ, ആധാര്‍ നമ്പറോ നല്‍കി എന്റര്‍ ചെയ്യുക. ഇതുവഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും.ഇതില്‍ കുടുംബാംഗങ്ങളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുളള തിയതിയും ചെല്ലേണ്ട സമയവും ഇതിനായി എത്തേണ്ട കേന്ദ്രവും ലഭിക്കും. ആ സമയത്ത് പോയി വാക്സിന്‍ എടുക്കാവുന്നതാണ്. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കോവിഡ് വാക്സിന്‍ നല്‍കിയത്.