കൊച്ചി: തലശ്ശേരിയിലെയും,ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.പത്രിക തള്ളിയ സംഭവത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് വിഷയത്തില്‍ ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ ഹൈക്കോടതിയും നിലപാട് വ്യക്തമാക്കിയതോടെ ഇനി രണ്ട് മണ്ഡലങ്ങളിലും എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളുണ്ടാവില്ലെന്നത് ഉറപ്പായി.തലശ്ശേരിയിൽ എൻ ഹരിദാസിന്റെയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും അത് തിരുത്താന്‍ അവസരം തന്നില്ലെന്നുമാണ് ഹരജിക്കാര്‍ കോടതിയെ അറിയിച്ചത്.സൂക്ഷ്മപരിശോധനാ സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം അറിയിക്കാമായിരുന്നു. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഇത്തരം അവസരം സ്ഥാനാര്‍ഥികള്‍ക്ക് നല്കി. സംസ്ഥാനത്ത് ഇരട്ട നീതിയാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഹൈക്കോടതി ഈ ഹരജികളില്‍ ഇടപെടരുതെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നത് നീതിയുക്തമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിക്കുകയുണ്ടായി.തലശേരിയിലെ പത്രികയോടൊപ്പം നല്കിയ ഫോറം എയില്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തളളിയത്.