Kerala, News

നിയമസഭാ തെരഞ്ഞെടുപ്പ്;നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

keralanews assembly election last date to withdraw nomination paper today

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിയും.വിമത സ്ഥാനാര്‍ഥികളെയും അപരസ്ഥാനാര്‍ഥികളെയും പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഹരിപ്പാട്, എലത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളുടെ നിലപാട് യു.ഡി.എഫിന് നിർണായകമാകും.മലപ്പുറം കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യു.ഡി.എഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മ പരിശോധനക്കായി മാറ്റിവെച്ചത്. നാമനിർദേശ പത്രികകൾ തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് തലശേരി, ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾ നൽകിയ ഹരജികൾ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തലശേരിയിൽ പത്രിക നൽകിയ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർഥിയും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റുമായ നിവേദിത സുബ്രഹ്മണ്യൻ എന്നിവരുടെ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ വിശദീകരണം നൽകും. അധികാര ദുർവിനിയോഗം നടത്തിയതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. സാങ്കേതിക പിശക് മാത്രമാണ് സംഭവിച്ചതെന്നും തിരുത്താൻ അനുമതി നൽകാവുന്നതാണെന്നും ഇരുവരുടേയും ഹരജിയിൽ പറയുന്നു. സംസ്ഥാനത്ത് ആകെ 2138 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

Previous ArticleNext Article