കണ്ണൂര്‍: ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫ് തന്നെയെന്ന് ഹൈക്കമാന്‍ഡ്.അദ്ദേഹത്തോട് നാമനിര്‍ദേശപത്രിക നല്‍കാനും ഹൈക്കമാൻഡ് നിർദേശിച്ചു. സജീവ് ജോസഫ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിക്കൂര്‍ ബിഡിഒ ഓഫീസില്‍ നാമനിര്‍ദേശപത്രിക നല്‍കും.അതേസമയം സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് നേതൃത്വം പറയുന്നത്. ചൊവ്വാഴ്ച യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.സി. ജോസഫ് എംഎല്‍എ എന്നിവരുമായി വിമതര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നാലെ എ ഗ്രൂപ്പ് നേതാക്കൾ ശ്രീകണ്ഠപുരത്ത് കണ്‍വന്‍ഷന്‍ ചേരുകയും ചെയ്തു സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.എന്നാല്‍ രാത്രിയോടെ ഉമ്മന്‍ ചാണ്ടി വിമതസ്വരം ഉയര്‍ത്തുന്ന എ ഗ്രൂപ്പ് നേതാക്കളെ ഫോണില്‍ വിളിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. 19ന് ഉമ്മന്‍ ചാണ്ടി ഇരിക്കൂറിലെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ട് കാണുമെന്നും സൂചനയുണ്ട്.