കണ്ണൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇരിക്കൂറില്‍ കോണ്‍ഗ്രസിനുള്ളിലെ തർക്കത്തിന് പരിഹാരമായില്ല. സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത് അംഗീകരിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എ ഗ്രൂപ്പ്. നേതാക്കളായ എം.എം. ഹസനും കെ.സി. ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.സജീവ് ജോസഫ് കെ.സി. വേണുഗോപാലിന്റെ നോമിനിയാണെന്നും എ ഗ്രൂപ്പ് മത്സരിച്ചു വരുന്ന സീറ്റിൽ മറ്റൊരാളെ അനുവദിക്കില്ലെന്നും പ്രവർത്തകർ അറിയിച്ചിരുന്നു.സോണി സെബാസ്റ്റ്യന്‍ ഡി.സി.സി അധ്യക്ഷസ്ഥാനം നല്‍കാമെന്ന സമവായ നിര്‍ദേശം എ ഗ്രൂപ്പ് തള്ളി.ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫ് ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് തുടക്കത്തിലേ നിര്‍ദേശിച്ചത്. എന്നാല്‍, കെ.സി. വേണുഗോപാല്‍ ഹൈകമാന്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് സജീവ് ജോസഫിന് സീറ്റ് നല്‍കുകയായിരുന്നെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതോടെയാണ് കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങിയത്.പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി എം.എം. ഹസനും കെ.സി. ജോസഫും രാവിലെ കണ്ണൂരിലെത്തി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ എ ഗ്രൂപ്പ് സജീവ് ജോസഫിന് വിജയസാധ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നു.അതിന്റെ തുടർച്ചയായി എ വിഭാഗം പ്രവർത്തകർ ശ്രീക്ണ്ഠപുരത്ത് കൺവൻഷൻ വിളിച്ചുചേർത്തു. സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചുചേർത്തത്.യോഗം വിമത സ്ഥാനാർഥി പ്രഖ്യാപനം പോലെയുള്ള നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. പ്രവർത്തകരുമായി കൂടിയാലോചന നടത്തി. നേതൃത്വത്തിന്റെ തീരുമാനം അനുകൂലമെങ്കിൽ മാത്രം കടുത്ത പ്രഖ്യാപനങ്ങളിലേക്ക് കടക്കാനാണ് പ്രവർത്തകരുടെ തീരുമാനം.അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സ്ഥാനാര്‍ഥിയെ മാറ്റേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. തുടര്‍ന്നാണ് സമവായ ചര്‍ച്ചക്കായി നേതാക്കളെത്തിയത്. ചര്‍ച്ച പരാജയമല്ലെന്നും പ്രവര്‍ത്തകരുടെ വികാരം ഹൈകമാന്‍ഡിനെ അറിയിക്കുമെന്നും എം.എം. ഹസന് പറഞ്ഞു.