തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ വസ്ത്രാലയത്തിൽ വന്‍ തീപിടുത്തം.പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മെയിന്‍ റോഡിലെ വീ ടെക്‌സ് എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത് . ഇന്ന് പുലര്‍ച്ചെ അഞ്ചിന് പള്ളിയിലേക്ക് നിസ്‌ക്കാരത്തിനായി പോകുന്ന വ്യാപാരി സംഘടനാ പ്രവര്‍ത്തകന്‍ അന്‍വറാണ് കടയ്ക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെയും പൊലീസിനേയും വിവരമറിയിച്ചു. തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാലകൃഷ്ണൻ,സീനിയര്‍ ഫയര്‍ ഓഫീസര്‍ സജീവന്‍, ഫയര്‍ ഓഫീസര്‍മാരായ ദയാല്‍, രഞ്ജു, രാജേഷ്, ഡ്രൈവര്‍ ദിലീപ്, ഹോംഗാര്‍ഡുമാരായ മാത്യു, രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.തൊട്ടടുത്ത മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലിവാസ് എന്ന ഫാന്‍സി കടയിലേക്കും തീ പടര്‍ന്നുവെങ്കിലും ഫയര്‍ ഫോഴ്സിന്റെ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.പുതുതായി എത്തിച്ച സ്‌റ്റോക്കുകള്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചത്. അതിലുമേറെ തുണിത്തരങ്ങളാണ് തീയണക്കുന്നതിനിടെ വെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചതെന്ന് വീ ടെക്‌സ് ഉടമസ്ഥനായ കുറ്റിക്കോലിലെ ബി. ഷബീര്‍ പറഞ്ഞു.നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍,തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറല്‍ സെക്രട്ടറി വി. താജുദ്ദീന്‍, കുട്ടി കപ്പാലം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി തീപിടുത്തമുണ്ടായ കട സന്ദര്‍ശിച്ചു.