തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റി. ഏപ്രിൽ 8 നാണ് പരീക്ഷകൾ ആരംഭിക്കുക. പരീക്ഷ മാറ്റണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകുകയായിരുന്നു.റമദാൻ തുടങ്ങുന്നതിനു മുൻപ് ഏപ്രിൽ 8, 9,12 തിയതികളിൽ രാവിലെയും വൈകിട്ടുമായായിരിക്കും പരീക്ഷ നടത്തുക. പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 30ന് പരീക്ഷ അവസാനിക്കും.ഇങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഗണിച്ച് മാർച്ച് 17 ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ കത്തു നൽകിയിരുന്നു. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ജോലികളും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തുനൽകിയത്. എന്നാൽ, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിക്കുന്നതും, അഞ്ചു ദിവസം ശേഷിക്കെ, പരീക്ഷ നീട്ടാൻ സർക്കാർ തീരുമാനമെടുക്കുന്നതും.