ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ മാര്‍ച്ച് 26 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് ആസൂത്രണം ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.നവംബര്‍ 26 ന് ആരംഭിച്ച ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ഒരു ട്രാക്ടര്‍ റാലി നടത്തിയിരുന്നു. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ അടിത്തറ വിശാലമാക്കാനുള്ള കര്‍ഷകരുടെ പദ്ധതിയുടെ ഭാഗമാണ് ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായും ഉള്ള സഹകരണം. കര്‍ഷക സമരം 100 ദിവസം പിന്നിടുന്ന മാർച്ച് 15ന് കോർപറേറ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23ന് ഡൽഹി അതിർത്തികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കള്‍ അണിനിരക്കും.