Kerala, News

സംസ്ഥാനത്ത് 48,960 ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടിയെത്തി

keralanews 48960 dose covid vaccine arrived in the state

തിരുവനന്തപുരം:സംസ്ഥാനത്ത് 48,960 ഡോസ് കോവിഡ്  വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുകളുമാണ് എത്തിയത്. ഇതുകൂടാതെ കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സാധ്യമാകുന്നതാണ്.സംസ്ഥാനത്ത് ഇതുവരെ ആകെ 10,19,525 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.കോവിന്‍ വൈബ് സൈറ്റിലോ (https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. മുന്‍ഗണനാക്രമമനുസരിച്ച്‌ എല്ലാവര്‍ക്കും തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലായി 1000ത്തോളം കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കി വരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം അവസാനത്തില്‍ കഴിയുന്നതോടെ 60 വയസ് കഴിഞ്ഞവര്‍ക്കും മറ്റസുഖങ്ങളുള്ള 45 വയസ് കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാക്കുന്നതാണ്.

Previous ArticleNext Article