കൊച്ചി:പുതുക്കി പണിത പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ പാലം സര്‍ക്കാറിന് കൈമാറുമെന്ന് പാലത്തില്‍ നടത്തിയ അവസാനവട്ട പരിശോധനയ്ക്ക് ശേഷം ഡിഎംആര്‍സി ഉപദേശക സമിതി അംഗം ഇ ശ്രീധരന് പറഞ്ഞു.പാലത്തിന്റെ മുഴുവന്‍ നിര്‍മ്മാണ ജോലികളും രണ്ടു ദിവസത്തിനുള്ളില്‍ കഴിയും.ഞായറാഴ്ചക്കു മുമ്ബു തന്നെ പാലം സര്‍ക്കാരിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്. പാലത്തിലെ ഭാര പരിശോധന വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു. ഗതാഗതത്തിനായി പാലം എന്നു തുറന്നുകൊടുക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിക്കുന്നുവെന്നും ഇ ശ്രീധരന് വ്യക്തമാക്കി. ഡിഎംആര്‍സിയുടെ യൂണിഫോമില്‍ തന്റെ അവസാന ദിവസമാണിന്ന്. ഡിഎംആര്‍സിയില്‍ നിന്നും ഇറങ്ങിയതിനു ശേഷം മാത്രമെ താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുകയുള്ളുവെന്നും ഈ ശ്രീധരന് പറഞ്ഞു.ഡിഎംആര്‍സിയുടെ നിര്‍മ്മാണ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഞ്ചു മാസവും 10 ദിവസവും മാത്രമെടുത്താണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പാലം നിര്‍മാണം ഏറ്റെടുത്തത്. ഡിഎംആര്‍സിക്ക് ലാഭമുണ്ടാക്കാനല്ല പകരം ജനങ്ങള്‍ക്ക് വേണ്ടിയാണ് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.