India, News

എക്‌സൈസ് തീരുവ കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇന്ധന വില കുറഞ്ഞേക്കും

keralanews central govt plans to reduce excise duty fuel prices may fall

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതോടെ എക്‌സൈസ് തീരുവ കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയിൽ കുറവ് വരുത്താനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളുമായി കേന്ദ്രം ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയതായും ധനകാര്യ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.സംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ പത്തു മാസമായി ഇരട്ടിയായതാണ് ഇന്ധന വില വർദ്ധനവിന് കാരണം. ചില്ലറ മേഖലയിൽ വിൽക്കുന്ന പെട്രോളിനും ഡീസലിനും അറുപത് ശതമാനത്തിലേറെ നികുതിയാണ് ചുമത്തുന്നത്. 12 മാസത്തിനിടെ മാത്രം രണ്ടു തവണയാണ് കേന്ദ്രസർക്കാർ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വർധിപ്പിച്ചിരുന്നത്.ചില സംസ്ഥാനങ്ങൾ, എണ്ണക്കമ്പനികൾ, എണ്ണ മന്ത്രാലയം എന്നിവയുമായി ധനമന്ത്രാലയം കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് മധ്യത്തോടെ നികുതിയിളവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. എന്നാൽ ഇന്ധനത്തിന്റെ നികുതി ഘടനയിൽ മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.തുടർച്ചയായ ഇന്ധന വില വർധനയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് രാജ്യത്തുയരുന്നത്.2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് മാത്രം പെട്രോള്‍ നികുതി 32.98 രൂപയിലേക്ക് കുതിച്ചു കയറി. ഡീസല്‍ 31.83 രൂപയും. രാജ്യത്തിന്റെ പലയിടങ്ങളിലും പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്.

Previous ArticleNext Article