പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തല മുണ്ഡനം ചെയ്ത് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധം.കേസ് അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്ന് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിഎച്ച്‌ആര്‍എം നേതാവ് സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തക ബിന്ദു കമലന്‍, എന്നിവരും തല മുണ്ഡനം ചെയ്തു. എംപി രമ്യാ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് എന്നിവര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇളയ പെണ്‍കുട്ടി മരിച്ച് നാല് വര്‍ഷം തികയുന്ന മാര്‍ച്ച് നാലാം തീയതി എറണാകുളത്ത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറു പേര്‍ തലമുണ്ഡനം ചെയ്യും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.