Kerala, News

ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

keralanews state government decides to withdraw sabarimala and caa cases

തിരുവനന്തപുരം : ശബരിമല, പൗരത്വ പ്രതിഷേധ(സിഎഎ) കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നേരത്തെ ശബരിമല യുവതീ പ്രവേശന വിധി വന്ന സമയത്ത് നടന്ന പ്രതിഷേധ, പ്രക്ഷോഭങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയടക്കം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ക്രമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.നേരത്തെ ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.ഈയിടെ തമിഴ്‌നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലുണ്ടായിരുന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ സമരം ചെയ്തതിന് 529 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം സമരം ചെയ്തവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മുസ്‌ലിം മത സംഘടനകൾക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട 2018ലെ സുപ്രിം കോടതി വിധിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അമ്പതിനായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസുകൾ പിൻവലിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി അടക്കമുള്ള നിരവധി സാമൂഹിക സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു.അതേസമയം സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബിജെപി പ്രതികരിച്ചു.

Previous ArticleNext Article