ഇരിട്ടി: 1933ല്‍ ബ്രിട്ടീഷുകാര്‍ നിർമിച്ച 88 വര്‍ഷത്തെ പഴക്കമുള്ള ഇരിട്ടി പാലത്തിന് സമാന്തരമായി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. തലശ്ശേരി -വളവുപാറ റോഡ് പ്രവൃത്തിയോടനുബന്ധിച്ചു ആറു പാലങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇരിട്ടി പാലം പ്രവൃത്തി മൂന്നുവര്‍ഷം മുൻപാണ് ആരംഭിച്ചത്. ഈ കാലയളവില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.നിലവിലുള്ള പാലത്തിന് സമാന്തരമായാണ് 144 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി മൂന്നു സ്പാനുകളില്‍ പുതിയ പാലം നിര്‍മിച്ചത്. പാലം നിര്‍മാണത്തിനിടെ പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കില്‍ ടെസ്റ്റിങ് പൈല് ഒഴുകിപ്പോയിരുന്നു. ഇത് വലിയ ആശങ്കയും വിവാദവും സൃഷ്ടിച്ചു. തുടര്‍ന്നുവന്ന കാലവര്‍ഷവും നിര്‍മാണ പ്രവൃത്തിയെ തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്യത്തെ നാല് പ്രമുഖ പാലം നിര്‍മാണ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കുകയും പൈലുകളുടെ എണ്ണവും ആഴവും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് പണി ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ പാലം പ്രവൃത്തി വീണ്ടും നീണ്ടുപോകാന്‍ ഇടയാക്കി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.നിലവിലുള്ള പാലത്തിലൂടെ രണ്ട് വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഒരേസമയം പോവുന്നത്. പാലത്തിലൂടെയുള്ള കാല്‍നട പോലും ദുസ്സഹമായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുമ്പോൾ പാലത്തില്‍ കുരുങ്ങിയുള്ള ഗതാഗതക്കുരുക്കും പതിവാണ്. ടാറിങ് പണി പൂര്‍ത്തിയാക്കി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായി ഇരിട്ടി ടൗണ്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.