തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും അശ്ലീലചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രശാന്തിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ ലേഖികയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കുകയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത പ്രശാന്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരാക്കാം. എന്നാല്‍, അശ്ലീല ചുവയുള്ള ചിത്രങ്ങള്‍ നല്‍കി അപമാനിക്കാന്‍ ശ്രമിച്ചത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല. പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്തും മാദ്ധ്യമ പ്രവര്‍ത്തകരെ ഒന്നാകെ അപമാനിക്കുന്ന പ്രതികരണമാണ് നടത്തിയിരിക്കുന്നത്.വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്.ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.അതേസമയം ചാറ്റ് വിവാദമായതോടെ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാധ്യമ പ്രവര്‍ത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം ആയിരുന്നുവെന്നാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്.
Kerala, News
മാദ്ധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം;എൻ പ്രശാന്ത് ഐ എ എസ് നെതിരെ നടപടിയെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
Previous Articleടൂൾകിറ്റ് കേസ്;അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം