പാലക്കാട്: പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മന്നാറില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവതിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണെന്നും, ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നല്കി.എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വര്‍ണം കടത്തിയെന്നും യുവതി പോലീസിനോട് സമ്മതിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം കിട്ടിയെന്നും അന്വേഷണസംഘം അറിയിച്ചു.മാന്നാര്‍ കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അജ്ഞാത സംഘം വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് ജില്ലയിലെ വടക്കുംചേരിയില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.ഈ മാസം 19 നാണ് ബിന്ദു ദുബൈയിൽ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വർണം ഗൾഫിൽ നിന്നും കടത്തി. എന്നാലിത് എയർപോർട്ടിൽ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നൽകിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വർണക്കടത്ത് സംഘത്തോട് സ്വർണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു.ക്വാറന്റൈനില്‍ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍.തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിനോട് പറഞ്ഞിരിക്കുന്നത്.നാലംഗ സംഘമാണ് കടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരം യുവതി പൊലീസിന് കൈമാറി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.