തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി. സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്നലെ രാത്രി 12മണിക്ക് സമരം തുടങ്ങിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും വൈകിട്ടോടെ മുടങ്ങി. സമാധാനപരമായാണ് സമരമെന്നും ബസുകള്‍ തടയില്ലെന്നും യൂണിയനുകള്‍ അറിയിച്ചു.ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നല്‍കുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.