തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) ഒപ്പുവച്ച ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. കോര്‍പ്പറേഷന്‍ എംഡി എന്‍.പ്രശാന്ത് ഒപ്പിട്ട കരാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്.2,950 കോടി രൂപയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ധാരണപത്രം ഒപ്പിട്ടതെന്നാണ് സർക്കാർ വിശദീകരണം.സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല എന്നതും ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കരാര്‍ റദ്ദാക്കിയതിന് പുറമേ കരാറിലേക്കെത്തിയ സാഹചര്യം അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. കെഎസ്ഐഎൻസി എംഡി എൻ പ്രശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ആലോചന സർക്കാർ തലത്തിലുണ്ട്. ഉദ്യോഗസ്ഥ തല അന്വേഷണം നടത്തി ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് നീക്കം.