കണ്ണൂര്‍:കല്യാശ്ശേരിയില്‍ രണ്ട് എ.ടി.എമ്മുകള്‍ തകര്‍ത്ത് മോഷ്ട്ടാക്കൾ 20 ലക്ഷത്തോളം രൂപ കവര്‍ന്നു.മാങ്ങാട്ട് ബസാറില്‍ ദേശീയപാതയോരത്തെ ഇന്ത്യ വണ്ണിന്റെ എ.ടി.എം തകര്‍ത്ത് 1,75, 500 രൂപയും കല്യാശ്ശേരിയിലെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 18 ലക്ഷത്തോളം രൂപയും കവര്‍ന്നതായാണ് പ്രാഥമിക നിഗമനം.റൂമിന്റെ ഷട്ടര്‍ താഴ്ത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഇരു എ.ടി.എമ്മുകളും തകര്‍ത്തത്. കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മില്‍ രണ്ടു ദിവസം മുൻപ് പണം നിറച്ചിരുന്നതായും നിലവില്‍ 18 ലക്ഷത്തോളം രൂപയുള്ളതായും പണം നിക്ഷേപിച്ച ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചയാണ് കവര്‍ച്ചകള്‍ നടന്നതെന്ന് കരുതുന്നു.മാങ്ങാട് ഇന്ത്യ വണ്‍ എ.ടി.എം തകര്‍ത്തതായി ഞായറാഴ്ച രാവിലെ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍, കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലായതിനാല്‍ വൈകീട്ടുവരെ കവര്‍ച്ചയെപ്പറ്റി ആരും അറിഞ്ഞില്ല. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സി എത്തിയപ്പോഴാണ് മാങ്ങാട്ടെ എ ടി എമ്മിൽ കവർച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്.കവര്‍ച്ചസംഘം മാങ്ങാട് തെരു കള്ളുഷാപ്പിനു സമീപത്തെ ആള്‍ത്താമസമുള്ള മുറിയില്‍ കയറി കവര്‍ച്ചക്കു ശ്രമിച്ചെങ്കിലും ഉറക്കമുണര്‍ന്ന താമസക്കാര്‍ ബഹളംവെച്ചതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. താമസക്കാര്‍ കണ്ണപുരം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി. തുടര്‍ന്ന് കവര്‍ച്ചസംഘം എത്തിയതായി കരുതുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തു. സംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായി മുറിയിലെ താമസക്കാര്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. എസ്.ബി.ഐ എ.ടി.എം തകര്‍ത്തത് അറിഞ്ഞത് ഞായറാഴ്ച വൈകീട്ടായതിനാല്‍ അന്വേഷണം തിങ്കളാഴ്ച രാവിലെ നടക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.