കൊച്ചി:ആഴക്കടല്‍ മത്സ്യ ബന്ധനം നടത്താന്‍ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല.ഇഎംസിസി എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായി നടന്ന കരാറില്‍ വന്‍ അഴിമതി നടന്നെന്നാണ് ചെന്നിത്തലയുടെ ആരോപണം.കരാറിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ഐശ്വര്യകേരള യാത്രയ്ക്കിടെ പറഞ്ഞു. കേരളത്തിലെ മത്സ്യമേഖലയെ സര്‍ക്കാര്‍ കുത്തകകള്‍ക്ക് തീറെഴുതിക്കഴിഞ്ഞു.മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഡാലോചന നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.10 ലക്ഷം രൂപ മാത്രം മൂലധനമുള്ള 2 വര്‍ഷം മുൻപ് മാത്രം തുടങ്ങിയ കമ്പനിയായ ഇഎംസിസിയുമായി 5000 കോടി രൂപയുടെ കരാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്. സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ്. ഇഎംസിസി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. കരാറിന് മുൻപ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചില്ല. എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചില്ല.400 ട്രോളറുകളും 2 മദര്‍ ഷിപ്പുകളും കേരള തീരത്ത് മല്‍സ്യ ബന്ധനം നടത്താന്‍ പോവുകയാണ്. നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാറിനെപ്പറ്റി അന്വേഷണം വേണം. കരാറിനെ പറ്റി അറിഞ്ഞിട്ടുണ്ടോ എന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിലെ കടലുകളില്‍ മത്സ്യബന്ധനം നടത്തും. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ അമേരിക്കന്‍ കമ്പനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വന്‍ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികൾ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.