തിരുവനന്തപുരം:ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റ് പടിയ്ക്കലേക്ക് ശവമഞ്ചവും ചുമന്നുകൊണ്ടാണ് ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരം.’ഓരോ ഫയലിലും ഓരോ ജീവിതമാണ്, ഇനിയൊരു അനു കേരളത്തിലുണ്ടാവില്ല’ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താണ് പ്രതിഷേധ മാര്‍ച്ച്. പത്ത് ദിവസത്തിലേറെയായി നിരാഹാര സമരം കിടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്ളവരാണ് ശവമഞ്ചം ചുമന്ന് പ്രതിഷേധിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാർഥികൾ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ അടക്കമുള്ള ഉദ്യോഗാർഥികൾ വിവിധ ജില്ലകളിൽ നിന്ന് സമര പന്തലിൽ എത്തുന്നത്. തസ്തിക സൃഷ്ടിക്കലിലൂടെ മാത്രമേ തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ വ്യക്തമാക്കുമ്പോൾ അത് പ്രയോഗികമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.
അതേസമയം ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരപ്പന്തലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തി.ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടണം. സി.പി.ഒ പട്ടികയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി കോടതിയില്‍ എത്തുമ്പോൾ സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കണം. കോടതി അനുമതിയോടെ ഒരു വര്‍ഷം കൂടി നീട്ടണം. നാഷണല്‍ ഗെയിംസ് ജേതാക്കള്‍ക്കും ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.എല്‍.ഡി.എഫ് സര്‍ക്കാര്‍ 134 റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കിയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഓരോ വകുപ്പുകള്‍ തിരിച്ചുള്ള പട്ടിക വൈകാതെ പുറത്തുവിടും. 33 ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 200ല്‍ ഏറെ ആളുകള്‍ക്ക് കൂടി ജോലി കിട്ടിയേനെ. മുഴുവന്‍ ലിസ്റ്റുകളും പരിശോധിക്കുമ്പോൾ ആയിരത്തിലേറെ പേര്‍ക്ക് ജോലി കിട്ടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.