Kerala, News

സോളാര്‍ തട്ടിപ്പ്;സരിതയുടെയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി

keralanews solar fraud case bail of saritha and biju radhakrishnan canceled

കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിധി പറയുന്ന 25ന് രണ്ടുപേരെയും ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.സരിതയേയും ബിജു രാധാകൃഷ്ണനേയും കൂടാതെ ഇവരുടെ ഡ്രൈവര്‍ മണിലാലിന്‍റെ ജാമ്യവും റദ്ദാക്കി. 2013ലെ കേസില്‍ ഇന്നു വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിസരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല.കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു.എന്നാൽ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പി ചെയ്യുന്ന വിവരം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കുവേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

Previous ArticleNext Article