ന്യൂഡല്‍ഹി: ബിറ്റ്കോയിന്‍ ഉള്‍പ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍ നിരോധിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.സര്‍ക്കാര്‍ പുറത്തിറക്കുന്ന വിര്‍ച്വല്‍ കറന്‍സികള്‍ക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നല്‍കുക. ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാന്‍ ഉടന്‍ തന്നെ നിയമം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നിയമം നിര്‍മ്മിക്കാന്‍ സർക്കാർ ആലോചിക്കുന്നത്.ക്രിപ്റ്റോ കറന്‍സി ട്രേഡിങ് സംബന്ധിച്ച് കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ബിറ്റ്കോയിന്‍ ഉള്‍പ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടനെ നിരോധിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്.ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ സുപ്രീം കോടിതി ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഉടനെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഈമാസം തുടക്കത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്റ്റോകറന്‍സിക്ക് ബദലായി ഡിജിറ്റല്‍ കറന്‍സി താമസിയാതെ പ്രചാരത്തില്‍ വന്നേക്കും.