ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ദു അറസ്റ്റില്‍. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഒളിവിലായിരുന്നു നടന്.ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നടനെതിരെ പൊലീസ് എഫ്.ഐ.ആര് രേഖപ്പെടുത്തി കേസ് എടുത്തിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ കൊടി കെട്ടിയ ജുഗു രാജ് സിംഗിന്റെ തന് തരനിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.