Kerala, News

കോവിഡ് ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ എം വി ജയരാജന്‍ പൂര്‍ണമായി സുഖംപ്രാപിച്ചു

keralanews mv jayarajan who was in critical condition due to covid pneumonia has fully recovered

കണ്ണൂർ:കോവിഡ് ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പൂര്‍ണമായി സുഖംപ്രാപിച്ചു.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യു വിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാമെന്ന് ഡോക്റ്റർമാർ അറിയിച്ചു. ഒരുമാസം കര്‍ശന ശ്രദ്ധയോടെ വീട്ടില്‍ വിശ്രമിക്കേണ്ടിവരും. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല.ജനുവരി 18നാണ് ജയരാജനെ കോവിഡ് പോസിറ്റീവായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ന്യുമോണിയ ലക്ഷണം കണ്ടതോടെ പരിയാരത്തേക്കു മാറ്റി.ഒപ്പം, കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും.ചികിത്സയ്ക്കായി പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിദഗ്ധസംഘമെത്തി.23ന് സ്ഥിതി വഷളായി.സി പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജന്‍ അളവ് ക്രമീകരിച്ചെങ്കിലും കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും വെല്ലുവിളിയായി. 24ന് അര്‍ധരാത്രിയോടെ ആരോഗ്യമന്ത്രി നേരിട്ടെത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം വിളിച്ചു. കോഴിക്കോട്ടുനിന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ. എ എസ് അനൂപ്കുമാറും ഡോ. പി ജി രാജുവുമെത്തി. കൂടാതെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. എസ് എസ് സന്തോഷ്കുമാറും ഡോ. അനില്‍ സത്യദാസും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷണല്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ് ഡോ. റാം സുബ്രഹ്മണ്യത്തിന്റെ ഉപദേശവും തേടി. അദ്ദേഹം നിര്‍ദേശിച്ച ഇഞ്ചക്ഷന്‍ മരുന്ന് കോഴിക്കോടുനിന്ന് എത്തിച്ചുനല്‍കി. 25ന് വൈകിട്ടോടെ ആരോഗ്യനില മെച്ചപ്പെട്ടു.ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശവിഭാഗം മേധാവിയുമായ പ്രൊഫ. ഡി കെ മനോജ്, ഡെപ്യൂട്ടി സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ. വിമല്‍ റോഹന്‍, ആര്‍എംഒ ഡോ. എം എസ് സരിന്‍, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ സി രഞ്ജിത്ത്കുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി പ്രൊഫ. എസ് എം അഷ്റഫ്, കോവിഡ് ചികിത്സാവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. വി കെ പ്രമോദ് എന്നിവരായിരുന്നു മെഡിക്കല്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍.

Previous ArticleNext Article