പാലക്കാട്:പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നു മക്കളില്‍ ഇളയവനായ ആമീല്‍ ഇഹ്സാനെ ഉറക്കത്തില്‍ കൈകാലുകള്‍ ബന്ധിച്ച് കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഷഹീദയും ഇളയ മകനും ഒരു മുറിയിലും, സുലൈമാനും മറ്റു മക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. ഉറങ്ങിക്കിടന്ന മകനെ പുലര്‍ച്ചെ ഷഹീദ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച് ഷഹീദ തന്നെ വിവരമറിയിക്കുകയായിരുന്നു.മൊബൈല്‍ നമ്പർ ലൊക്കേറ്റ് ചെയ്താണ് പോലീസ് വീട്ടിലെത്തിയത്. വാതിലില്‍ തട്ടിയപ്പോള്‍ പുറത്തേക്കു വന്ന ഷഹീദ, താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസാണ് സുലൈമാനെയും മറ്റു കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.അതേസമയം മകനെ കൊലപ്പെടുത്താനുള്ള കത്തി ഷഹീദ ഭർത്താവിനെക്കൊണ്ട് തന്ത്രപൂർവം വാങ്ങിപ്പിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്ന് പറഞ്ഞതായും അതിനാല്‍ ഇരുമ്പിൽ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്. സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദയ്ക്ക് മക്കളോട് വലിയ സ്നേഹമായിരുന്നുവെന്നും കുടുംബ വഴക്കോ മറ്റു പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മാസങ്ങള്‍ക്കു മുൻപ് മടങ്ങിയെത്തിയ സുലൈമാന്‍ ഇപ്പോള്‍ നഗരത്തില്‍ ടാക്സി ഡ്രൈവറാണ്.മകനെ ദൈവത്തിന് ബലി നല്‍കിയെന്നാണ് ഷഹീദ ആവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി.വിശദമായി ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം കൂടുതല്‍ വ്യക്തമാകൂ എന്നാണ് ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ് പറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച മുൻപ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത തന്നില്‍ ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലന്നും കൃത്യം നടത്തി കഴിഞ്ഞപ്പോള്‍ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും അറിയുന്നു. തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.