Kerala, News

കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ പെരുവഴിയില്‍ ഉപേക്ഷിച്ച നിലയില്‍;അധ്യാപകനെതിരെ നടപടി

keralanews answer sheets of kannur university students found on road side action take against teacher

കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പെരുവഴിയില്‍ ഉപേക്ഷിച്ച നിലയില്‍. ബികോം രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്.സംഭവത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ പിജെ വിന്‍സന്റ് അറിയിച്ചു. വീട്ടില്‍ നിന്ന് മൂല്യനിര്‍ണയം നടത്താന്‍ വേണ്ടി സര്‍വകലാശാലയില്‍ നിന്നും കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എംസി രാജേഷ് ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് വഴിയില്‍ നിന്ന് കിട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അധ്യാപകന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര കടലാസുകള്‍ വഴിയില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. കുറ്റക്കാരനായ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് നഷ്ടപ്പെട്ടതെന്ന് അധ്യാപകനായ എംസി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിരുന്നതായും അധ്യാപകന്‍ വ്യക്തമാക്കി. ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകളെന്ന് കണ്ടെത്തി. ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണ്ണയം നടത്തിയിട്ടുണ്ട്. ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പിന്നാലെ പരീക്ഷാ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു. സംഭവം അന്വേഷിക്കാനും മൂല്യനിര്‍ണയം നടത്തിയ അധ്യാപകനോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.

Previous ArticleNext Article