കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്.വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും, ഇ ഡി യുടെ കള്ളപ്പണക്കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചതിനാല്‍ ശിവശങ്കര്‍ ജയില്‍ മോചിതനാകും. കാക്കനാട് ജില്ലാ ജയിലിലാണ് ഇദ്ദേഹമുള്ളത്. കോടതി നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. 95 ദിവസത്തിന് ശേഷമാണ് ശിവശങ്കർ ജയിൽ മോചിതനാകുന്നത്. കസ്റ്റംസിന്റെ ഭാഗത്തു നിന്ന് ജാമ്യം നൽകുന്നതിനെതിരെ ശക്തമായ വാദങ്ങളുണ്ടായില്ല. തനിക്കെതിരെ മറ്റു പ്രതികളുടെ മൊഴികളല്ലാതെ മറ്റു തെളിവുകൾ ഇല്ല എന്നായിരുന്നു ശിവശങ്കറിന്റെ വാദം.സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കര്‍ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താന്‍ പ്രോസിക്യൂഷന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി.