ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ.കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബഡ്ജറ്റില്‍ ധനമന്ത്രി അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കൊച്ചി മെട്രോയ്ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബഡ്ജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും.കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ് തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിന് മാത്രമല്ല പശ്ചിമബംഗാളിനും നിര്‍ണായക പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. 675 കി.മി ദേശീയപാതയുടെ നിര്‍മ്മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു.