India, Kerala, News

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം;ആദ്യ കൊവിഡ് രോഗി കേരളത്തിൽ

keralanews it has been one year covid confirmed in the country first patient in kerala

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം.2020 ജനുവരി 30 നു കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്.കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യ രോഗി. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദനയും ചുമയും മാത്രമായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ചെെനയില്‍ നിന്നെത്തിയ ഈ വിദ്യാര്‍ഥിനി ഉടന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടു. വിദ്യാര്‍ഥിനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ജനറല്‍ ആശുപത്രി പരിസരത്തുപോലും ജനം വരാത്ത സാഹചര്യമുണ്ടായി. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശങ്കയ്ക്കു വിരാമമുണ്ടായിരുന്നില്ല.ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആദ്യ കോവിഡ് കേസിനു ശേഷം ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും കോവിഡ് പ്രതിസന്ധിക്ക് അയവായിട്ടില്ല.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ഇതിനോടകം 9,11,362 ആയി. 72,392 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 8,35,046 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,682 ആണ്. മരണനിരക്ക് കുറയ്‌ക്കാന്‍ സാധിച്ചതാണ് കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ മികവായി എടുത്തുപറയുന്നത്. മരണസംഖ്യ കുറയ്‌ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പറഞ്ഞിരുന്നു.

Previous ArticleNext Article