India, News

കർഷക സമരം;ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി

keralanews farmers strike district administration withdraws from evacuation of gazipur

ന്യൂഡല്‍ഹി: ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച്‌ എത്തിയതോടെ തല്‍ക്കാലം നടപടി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെ പൊലീസും കേന്ദ്രസേനയും സമരവേദിയില്‍ നിന്ന് പിന്മാറി.കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നു. ജില്ലാ മജിസ്ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. അധികൃതരെ മടക്കി അയച്ച ശേഷം ദേശീയ പതാകയുമേന്തിയായിരുന്നു കര്‍ഷകരുടെ ആഹ്ലാദ പ്രകടനം.വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ പലരെയും സമരഭൂമിയില്‍ വച്ച്‌ തന്നെയാണ് നഷ്ടമായതെന്നും അത് അവരോട് ചെയ്യുന്ന തെറ്റാകുമെന്നും കര്‍ഷകര്‍ പറയുന്നു യുപി പൊലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Previous ArticleNext Article