ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി പോലീസ്. ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.ഡല്‍ഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പൊലിസ് അടച്ചുപൂട്ടിയിരുന്നു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്ഷകന് മരിച്ചു. പൊലീസിന്റെ വെടിവെപ്പിനിടെയാണ് കര്ഷകന് മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ പൊലീസ് സേനയും പ്രതിഷേധിച്ച കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും ഡല്‍ഹി പോലീസ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ട്രാക്ടര്‍ റാലി പരേഡിനായി മുന്‍കൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു.