Kerala, News

കണ്ണൂരിൽ അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

keralanews main accuced who seized nine lakh rupees from bank account of teacher in kannur caught

കണ്ണൂർ:അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍.ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശി പ്രവീണ്‍ കുമാര്‍ (30) ആണ് പിടിയിലായത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കണ്ണൂരിലെ കൃഷ്ണമേനോന്‍ വനിതാ കോളജിലെ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയുടെ അക്കൗണ്ടില്‍നിന്ന് രണ്ടു ഘട്ടങ്ങളിലായി 9 ലക്ഷം രൂപയാണ് പ്രവീണ്‍ കുമാറും സംഘവും തട്ടിയെടുത്തത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ എന്നത് പരിചയപ്പെടുത്തിയാണ് പ്രതി അധ്യാപികയെ വിളിച്ചത്. ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ അധ്യാപിക വിശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി തന്ത്രത്തില്‍ ബാങ്ക് യൂസര്‍ ഐ ഡിയും പാസ്‌വേര്‍ഡും കൈക്കലാക്കുകയായിരുന്നു. കണ്ണൂര്‍ പോലീസ് മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നാലു പേര്‍ ചേര്‍ന്നാണ് അധ്യാപികയില്‍ നിന്നും പണം തട്ടിയെടുത്തത്.സംഘത്തിലെ മറ്റ് മൂന്നുപേരെ സംബന്ധിച്ച്‌ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ അധികം വൈകാതെ പിടിയിലാകുന്ന കരുതുന്നതായി കണ്ണൂര്‍ ഡിവൈ എസ് പി പി പി സദാനന്ദന്‍ പറഞ്ഞു.കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എസ് ഐ സജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. സംഘം കേരളത്തിലെ കൂടുതല്‍ പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.ഇത്തരം ബാങ്കിങ് തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കണ്ണൂര്‍ പൊലീസ് നിര്‍ദ്ദേശിച്ചു.

Previous ArticleNext Article