Kerala, News

പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ഇന്ന് ചർച്ച

keralanews resolution to remove sri ramakrishnan from the post of speaker was discussed in the assembly today

തിരുവനന്തപുരം:പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ഇന്ന് ചർച്ച നടത്തും.സ്വർണക്കടത്തു കേസിൽ അടക്കം ആരോപണ വിധേയനായ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം മുസ്‍ലിം ലീഗിലെ എം. ഉമ്മർ അവതരിപ്പിക്കും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.സ്വർണ കടത്ത് – ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ചോദ്യോത്തര വേള കഴിഞ്ഞാലുടൻ, ഉമ്മറിന്റെ നോട്ടീസ് സഭ പരിഗണിക്കും. പ്രമേയത്തിൽ ചർച്ചയാകാമെന്ന് സ്പീക്കർ അറിയിക്കും. പ്രമേയം പരിഗണനയ്ക്കെടുക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കും.സ്പീക്കർക്കും തന്റെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കാണ് തീരുമാനം. ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പ്. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടും. അതു കഴിഞ്ഞാലുടൻ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം.1982ൽ എ. സി ജോസും 2004 ൽ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കർമാർ.

അതേസമയം തനിക്കെതിരെ പ്രതിപക്ഷം നടത്തുന്ന് രാഷ്ട്രീയ ആരോപണമാണെന്ന് ആവര്‍ത്തിച്ച്‌ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്നു സ്പീക്കര്‍ പറഞ്ഞു.ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.രാഷ്ട്രീയത്തില്‍ ഇതൊക്കെ സംഭവിക്കാം. ഡോളര്‍ക്കടത്ത് കേസുമായോ സ്വര്‍ണക്കടത്ത് കേസുമായോ ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല.ശൂന്യതയില്‍ നിന്നുണ്ടായ ആരോപണമാണ് എനിക്കെതിരെ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം കഴിയുന്നതിന് പിന്നാലെ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. താന്‍ അങ്ങനെ ഒന്ന് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article