പാലക്കാട്:സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായ ശേഷം മറ്റ് അസുഖങ്ങള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഒരാഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ജനുവരി 12ന് ശസ്ത്രക്രിയക്ക് വിധേയനാക്കി.മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. എട്ട് മുതല്‍ ഒമ്പത് വരെ വീടിനടുത്തുള്ള എലപ്പുള്ളി ജിയുപി സ്കൂളിലും ഒമ്പതുമുതല്‍ പത്തുവരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. പകല്‍ 11 ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കും. ഭാര്യ പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്. വേലായുധന് താത്ത ദമ്പതികളുടെ മകനായി 1959ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. തുടര്‍ച്ചയായി രണ്ടാംതവണയും കോങ്ങാട് മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റുമാണ്.സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രഥമ പ്രസിഡന്റായി. രാജ്യത്തിനുതന്നെ മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.