ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടപടികള്‍ക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചു.കൊവിന്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റ് നടപടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വാക്‌സിനേഷന്‍ ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്‌സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്‌ക് ധരിക്കണം.രണ്ടാംഘട്ടമാകുമ്പോൾ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്‌സിന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
അതേസമയം കേരളത്തിലും 133 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ ആരംഭിച്ചു. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം വാക്സിനേഷന്‍ നടന്നത് എറണാകുളം ജില്ലയിലാണ്. ഒരാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നാലു മുതല്‍ അഞ്ചു മിനിറ്റുവരെയാണ് സമയമെടുക്കുന്നത്.ഇടതു കൈയ്യിലാണ് വാക്സിനേഷന്‍ എടുക്കുന്നത്. ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്നു മുറികളുണ്ട്. ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. വാക്സിന്‍ എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.